ആയഞ്ചേരി: കടമേരി പ്രദേശത്തിന്റെ കായിക കുതിപ്പിന് പുതിയ ഊര്‍ജം പകരാന്‍ വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു. മെക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസിന് സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം പി.സി.ഷീബ അധ്യക്ഷയായി. മെക് സെവന്‍ കായിക കൂട്ടായ്മയുടെ നൂറാം ദിനാചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കീരിയങ്ങാടി തണ്ണീര്‍പന്തല്‍ കനാല്‍ റോഡില്‍ കൂനോംതാഴ പാലത്തിന് സമീപമുള്ള ജലസേചന വകുപ്പിന്റെ രണ്ട് ഏക്കറോളം വരുന്ന തരിശുഭൂമിയിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. വടകര താലൂക്കില്‍ തന്നെ അറിയപ്പെടുന്ന ഒരു വോളിബോള്‍ കോര്‍ട്ട് നിലവില്‍ അവിടെ സജീവമായി ഉണ്ട്. നിരവധി സംസ്ഥാന ദേശീയ വോളി താരങ്ങള്‍ അണിനിരക്കുന്ന കളികള്‍ കാണാന്‍ നൂറുകണക്കിന് കായിക പ്രേമികളാണ് ദിനേന ഇവിടെയെത്തുന്നത്. വോളീബോള്‍ കോര്‍ട്ടിന്റെ
നവീകരണത്തോടൊപ്പം കിഡ്‌സ് പാര്‍ക്ക്, ഓപ്പണ്‍ ജിം എന്നിവ അടങ്ങുന്നതാണ് പ്ലാന്‍. ചടങ്ങില്‍ ക്ലബ്ബ് കോഡിനേറ്റര്‍ പുത്തലത്ത് ഹമീദ്, ഡോ. ഫൈസല്‍ പുളിയുള്ളതില്‍, അഡ്വ. ഐ.രാജന്‍, ടി.കെ.നസീര്‍, ചിറക്കല്‍ മമ്മൂട്ടി, ടി.കെ.ഹാരിസ്, ഒതയോത്ത് ബഷീര്‍, മെക് സെവന്‍ മേഖല കോഡിനേറ്റര്‍മാരായ നജീബ്, അബ്ബാസ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, പ്രാഥമിക ശുശ്രൂഷ പരിശീലനം, സാഹസിക, വിനോദയാത്ര എന്നിവയും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.















