തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ സാമ്പത്തിക തട്ടിപ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ടു ലക്ഷത്തോളം രൂപ കവര്‍ന്നു എന്നാണ് പരാതി. തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
അതേസമയം, ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് ജീവനക്കാര്‍ക്കെതിരെ ജി. കൃഷ്ണകുമാറും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്യു ആര്‍ കോഡ് മാറ്റി 2024 മുതല്‍ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ മൂന്ന് ജീവനക്കാരില്‍ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ആകെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.