വടകര: ഫാസിസത്തിനെതിരായ പ്രതിരോധം ഗാന്ധിചിന്ത മാത്രമാണെന്നു ഗാന്ധിയനും കൂടംകുളം സമരനായകനുമായ ഡോ.എസ്.പി.ഉദയകുമാര്‍ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 9,10 തിയ്യതികളില്‍ വടകരയില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സാമൂഹിക ശരീരത്തെ നാലു രോഗങ്ങള്‍ ബാധിച്ചിരിക്കുകയാണ്. മുതലാളിത്തം, വികസന വാദം, ഇക്കോ നാസിസം, ഫാസിസം എന്നിവ. ഈ രോഗങ്ങളെ വിശദമായി പരിശോധിച്ച് ഉചിതമായ ചികിത്സ നല്‍കേണ്ടതുണ്ട്. രോഗകാരണങ്ങള്‍ കണ്ടെത്താനും അതിനുള്ള ഉചിതമായ ഔഷധം കണ്ടെത്താനും ഗാന്ധി ഒരു ഉത്തരവും വഴിയുമാണെന്ന് ഡോ.ഉദയകുമാര്‍ പറഞ്ഞു.
മുതലാളിത്തത്തിന്റെ മറ്റൊരു പേരാണ് ആഗോളവത്കരണം. മൂലധനം ലോകവ്യാപകമായി സഞ്ചരിക്കുന്നതോടൊപ്പം അധ്വാനത്തിന്റെയും പ്രകൃതിയുടെയും ചൂഷണം ശക്തമാവുകയാണ്. ഇന്ന് നടക്കുന്ന വികസനം ആക്രമോത്സുകമാണ്. വികസനവാദം പാരിസ്ഥിതിക നാസിസത്തിലേക്ക് എത്തിയിരിക്കുകയാണ്. എല്ലാ വിഭവങ്ങളും വന്‍തോതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുകയാണ് ചെയ്യപ്പെടുന്നത്. ഈ വികസന ഭ്രാന്ത് കാലാവസ്ഥയുടെയും പ്രകൃതിയുടെയും സമ്പൂര്‍ണമായ തകര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുന്നു. ഇതിനെ കാലാവസ്ഥാ വ്യതിയാനം എന്ന ഓമനപേരില്‍ വിശേഷിപ്പിക്കാനാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുതിരുന്നത്. ഫാസിസം ഇന്ത്യയില്‍ വിഭാഗീയതയും വെറുപ്പും സൃഷ്ടിക്കുകയാണ്. രാജ്യം എല്ലാവരുടെതുമാണെന്നുള്ള ബോധം എല്ലാവരിലും സൃഷ്ടിക്കുകയാണ് ഇന്നത്തെ ആവശ്യമെന്നും
ഗാന്ധിയെ പുതുതായി കണ്ടെത്തുക എന്നതാണ് ഇന്നത്തെ ഇന്ത്യയുടെ മുന്നിലുള്ള ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ സി.കെ.നാണു ലോഗോ പ്രകാശനം ചെയ്തു. ഗായകന്‍ വി ടി മുരളി, ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ്, സി ഭാസ്‌കരന്‍, ഐ മൂസ, പി എം സുരേഷ് ബാബു, എം കെ ഭാസ്‌കരന്‍, സോമന്‍ മുതുവന, എം സി വടകര, എന്‍ വേണു, വിനോദ് പയ്യട, അടിയേരി രവീന്ദ്രന്‍, സോമശേഖരന്‍, പി കെ രാമചന്ദ്രന്‍, പി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.