വടകര: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍
എസ്എസ്‌കെയുടെ നേതൃത്വത്തില്‍ മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 29 ന് സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്സുകള്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷ കാലാവധിയുള്ള ഗ്രാഫിക് ഡിസൈന്‍, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്) എന്നീ കോഴ്സുകളാണ് തുടങ്ങുന്നത്. എസ്എസ്എല്‍സി പാസായ 15നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ക്ലാസിലെ ഓരോ ബാച്ചിലും 25 പേര്‍ക്ക് പ്രവേശനം നല്‍കും. ഈ സൗജന്യ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്
നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. യുവ ജനതയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി സര്‍ക്കാര്‍ 21 ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഓരോ സെന്ററുകള്‍ ആരംഭിക്കും. മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.കെ.രാജീവ്കുമാര്‍, ഹെഡ്മാസ്റ്റര്‍ രാജീവന്‍ വളപ്പില്‍ കുനി, പി ടി എ പ്രസിഡന്റ് സുനില്‍ മുതുവന, സ്റ്റാഫ് സെക്രട്ടറി എം.ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.

