വടകര: കാവില്‍-കുട്ടോത്ത് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാവുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ ആസ്തി
വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം ഉള്‍പ്പെടെ 90 ലക്ഷം രൂപയുടെ നവീകരണം നടത്താനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി പരിസര വാസികള്‍ ആവശ്യമായ സ്ഥലം വിട്ടു നല്‍കുകയാണ്. ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വളരെ പ്രധാനപ്പെട്ട റോഡായാണ് കാവില്‍-കുട്ടോത്ത് റോഡ് അറിയപ്പെടുന്നത്. വടകരതിരുവള്ളൂര്‍ റോഡിനെയും കാവില്‍-തീക്കുനി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ഇതിനിടയില്‍ വരുന്ന പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രത്തിലേക്കുള്ള പ്രധാന
വഴിയുമാണിത്. വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെക്കാലമായി ദുരിതമയമാണ്. ഇതിനു പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ഈ റോഡിന് നേരത്തേ അനുവദിച്ചിരുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 50 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുകയാണ്. ഇതിനു പുറമെ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ആവശ്യമായ
സ്ഥലങ്ങളില്‍ ഡ്രെയിനേജും കള്‍വെര്‍ട്ടും ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരണം നടപ്പിലാക്കുക. പ്രദേശവാസികള്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാവും റോഡ് വികസനം. ഇത് കണക്കിലെടുത്താണ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശവാസികളും അടങ്ങിയ കമ്മിറ്റി
രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 700 മീറ്റര്‍ ദൂരമുള്ള റോഡില്‍ വീതി കൂട്ടുന്നതിന് ഉടമകള്‍ സ്ഥലം വിട്ടുകൊടുത്തു തുടങ്ങി. 45 മീറ്റര്‍ വീതിയുള്ള റോഡ് ഏഴ് മീറ്ററെങ്കിലുമായി മാറും. ഇതോടെ ഇതുവഴിയുള്ള യാത്ര സുഖകരമാവുമെന്നാണ് കരുതുന്നത്.




