കൊച്ചി: മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ഇന്ന് 65 വയസിന്റെ മധുരം. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേരുന്ന ഈ വേളയില്‍ ഏവരും കാത്തിരിക്കുന്ന ആശംസയും എത്തി. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലാലിന് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകള്‍ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’, ‘ഏറ്റവും വില കൂടിയ ആശംസ’ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
മമ്മൂട്ടിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ പൃഥ്വിരാജ്, സിദ്ദിഖ്, മനോജ് കെ ജയന്‍ ഉള്‍പ്പടെ രാഷ്ട്രീയ-സിനിമാ മേഖലകളില്‍ നിന്ന് നിരവധിപ്പേര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്നാണ് പിണറായി വിജയന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
അതേസമയം രണ്ടു വമ്പന്‍ വിജയങ്ങളുമായി മോഹന്‍ലാല്‍ തന്റെ തിരിച്ചുവരവ് അറിയിച്ച വര്‍ഷം കൂടിയാണിത്. എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ മലയാള സിനിമയിലെ തന്നെ ഒട്ടുമുക്കാല്‍ റെക്കോര്‍ഡുകളും മറികടന്നു കഴിഞ്ഞു.
ഹൃദയപൂര്‍വം എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.