തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് (ബുധന്‍) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും 24 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 25 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 22ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. 23ന് ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24, 25 തിയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്.
24 മണിക്കൂറില്‍ 115.6 മില്ലി മുതല്‍ 204.4 മില്ലി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഇത് കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (മഞ്ഞ അലര്‍ട്ട്) എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മത്സ്യബന്ധനം പാടില്ല
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.