പാലക്കാട്: മംഗലാപുരം-കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പരിഗണനയിലാണെന്ന് ദക്ഷിണ
റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു. ദക്ഷിണ റെയില്‍വേ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെകുന്നേരം ആറു മണിക്ക് ശേഷം രാത്രി 10 മണി വരെ കോഴിക്കോട് നിന്ന് വടക്കോട്ടേക്ക് ട്രെയിന്‍ സര്‍വീസ് ഇല്ലാത്തതിന് പരിഹാരമായി രാത്രി എട്ടിന് ശേഷം കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന തരത്തില്‍ സമയ ക്രമീകരണം നടത്തി ഇന്റര്‍സിറ്റി എക്‌സ്പ്രസ് അനുവദിക്കണമെന്ന ആവശ്യം ഷാഫി പറമ്പില്‍ എംപി റെയില്‍വേ മന്ത്രിക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പരിഗണനയിലെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പരശുറാം എക്‌സ്പ്രസില്‍
ഒരു അധിക കോച്ച് അനുവദിച്ചിട്ടുണ്ടെന്ന കാര്യവും ജനറല്‍ മാനേജര്‍ അറിയിച്ചു. കോവിഡിന് ശേഷം മുക്കാളി, നാദാപുരം റോഡ്, ഇരിങ്ങല്‍, ചേമഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളില്‍ വരുമാനം കുറഞ്ഞത് കൊണ്ടാണ് ട്രെയിന്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതെന്ന റെയില്‍വേ നിലപാടിനോട് യോഗത്തില്‍ ഷാഫി പറമ്പില്‍ എംപി വിയോജിച്ചു. സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ സ്റ്റേഷനുകളിലെ വരുമാനം നാലില്‍ ഒന്നായി ചുരുങ്ങിയത് എന്ന വസ്തുത എംപി ചൂണ്ടിക്കാട്ടി. ഈ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ (16607-16608) എക്‌സ്പ്രസിനുള്ള സ്റ്റോപ്പുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളില്‍ നിരവധി പ്രധാനപ്പെട്ട
ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുവാനുള്ള അധികാരം റെയില്‍വേ ബോര്‍ഡിന് മാത്രമാണെന്നും ബോര്‍ഡുമായി ആശയവിനിമയം നടത്തി തീരുമാനം അറിയിക്കാമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. കൊയിലാണ്ടി, വടകര സ്റ്റേഷനുകളില്‍ വരുമാനം തീരെ കുറഞ്ഞത് കൊണ്ടാണ് പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതെന്നും തലശ്ശേരിയില്‍ ഇതിന്റെ പ്രവര്‍ത്തനം തുടരുമെന്നും ലഗേജ് ബുക്കിംഗ് മൂന്ന് സ്റ്റേഷനുകളിലും തുടരുമെന്നും യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു.



