ന്യൂഡൽഹി: ഇന്ത്യ- പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും ജമ്മുവിൽ പാക് ഡ്രോണുകളുടെ സാന്നിധ്യമെന്ന് റിപ്പോർട്ട് .
ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകൾ തകർക്കുന്ന ദൃശ്യവും പുറത്തുവന്നു. ഡ്രോൺ സാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സാംബ ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഹോഷിയാർപുർ, അമൃത്സർ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് വന്ന വിമാനം പഞ്ചാബിൻ്റെ ആകാശത്ത് വച്ച് തിരികെ ഡൽഹിക്ക് പോയി. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെയായിരുന്നു ഇത്. ഇരു രാജ്യങ്ങളിലെയും ഡി.ജി,എം,ഒമാർ നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാക് പ്രകോപനമുണ്ടായിരിക്കുന്നത്.