
ഡാൻസാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നതുകൊണ്ടാകാം ഷൈൻ ടോം ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പോലീസ്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ ജനല്‍ വഴി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഷൈനിനു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നടി വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. അതേസമയം, ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. ഷൂട്ടിംഗിനിടെ ഒരു പ്രധാന ആർട്ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായ രീതിയിൽ പെരുമാറി. സീൻ പ്രാക്ടീസിനിടെ ഇയാളുടെ വായിൽനിന്ന് വെള്ളനിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചിരുന്നെന്ന് നടി മുമ്പ് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആരാണ് ആ നടൻ എന്ന് ഇന്നാണ് വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കിയിട്ടുണ്ട്.