

വഖഫ് ഭേദഗതി നിയമം വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടി. ഇത്രയധികം എതിര്‍പ്പുണ്ടായ മറ്റ് ബില്ലുകളില്ല. നിയമ നിര്‍മാണ സഭയെ അധഃപതിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനെതിരായ പരീക്ഷണ നിയമമാണ് മൂന്നാം മോദി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി.
രാജ്യത്തിന്റെ ഭരണഘടനയെ ചെറുതാക്കുന്ന നിയമമാണിത്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ല. നമ്മുടെ പാരമ്പര്യത്തിന് എതിരാണിത്. ബഹുസ്വരതയുടെ കാവല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി ആയുധമാക്കുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തിയത്. വൈകീട്ട് മൂന്നരയോടെ ബീച്ചും പരിസരവും ജനനിബിഢമായി. കടപ്പുറം ഉള്‍ക്കൊള്ളാകാത്ത വിധം ജനസഞ്ചയം നീണ്ടു. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ റാലിക്കെത്തിയത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടി.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രി കൃഷ്ണ ഭൈര ഗൗഡ മുഖ്യപ്രഭാഷണം നടത്തി. തെലങ്കാന മന്ത്രി അനസൂയ സീതക്ക മുഖ്യാതിഥിയായി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, പി.വി.അബ്ദുല്‍വഹാബ് എം.പി, ഡോ. എം.പി അബ്ദുസമദ് സമദാനി എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, പി.എം.എ സലാം, കെ.പി.എ മജീദ് എംഎല്‍എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, കെ.എം.ഷാജി, പി.കെ.ഫിറോസ്, പി.കെ.നവാസ്, പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.