കണ്ണൂര്‍: മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി
വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ കെ.കെ രാഗേഷ് എസ്എഫ്‌ഐയിലൂടെ ഉയര്‍ന്നുവന്ന നേതാവാണ്. ഇന്ന് രാവിലെ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ പേര് തീരുമാനിച്ചത്. പിന്നീട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പേര് നിര്‍ദ്ദേശിച്ചു. അംഗങ്ങള്‍ ഇത് അംഗീകരിക്കുകയും ചെയ്തു. പന്ത്രണ്ട് അംഗ ജില്ലാ സെക്രട്ടറിയേറ്റും യോഗത്തില്‍ രൂപീകരിച്ചു. എം.കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം. ടി.വി രാജേഷ്, എം.പ്രകാശന്‍, മുതിര്‍ന്ന നേതാവ് എന്‍.ചന്ദ്രന്‍
തുടങ്ങിയ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതോടെയാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് അനിവാര്യമായത്. രാജ്യത്തെ സിപിഎമിന്റെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂരില്‍ സെക്രട്ടറിയാകുന്നവര്‍ പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ നേതൃത്വത്തില്‍ സുപ്രധാന ചുമതലകളില്‍ എത്താറുണ്ട്.


