ചെന്നൈ: സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കേന്ദ്രം നിരന്തരം കടന്നുകയറ്റം നടത്തുന്നതിൽ സംസ്ഥാനത്തിന്റെ സ്വയംഭരണം പരിശോധിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിരമിച്ച സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫിന്റെ നേതൃത്വത്തിലായിരിക്കും സമിതി. സംസ്ഥാന സ്വയംഭരണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ പഠനം സമിതി നടത്തും. 2026 ജനുവരിയിൽ ഒരു ഇടക്കാല റിപ്പോർട്ടും രണ്ട് വർഷത്തിനുള്ളിൽ ശുപാർശകളുള്ള അന്തിമ റിപ്പോർട്ടും സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. മുൻ ഉദ്യോഗസ്ഥനായ അശോക് വർധൻ ഷെട്ടി, സംസ്ഥാന ആസൂത്രണ
കമീഷൻ മുൻ വൈസ് ചെയർമാൻ എം നാഗനാഥൻ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.”സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് പോയ വിഷയങ്ങൾ മാറ്റുന്നതിനായി നിയമപ്രകാരം കമ്മിറ്റി പഠിക്കും,” മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സ്വയംഭരണം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ പുതുതായി രൂപീകരിച്ച കമ്മിറ്റി 2026 ജനുവരിയോടെ ഗവേഷണം നടത്തി സംസ്ഥാന സർക്കാരിന് ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്തിമ റിപ്പോർട്ട് 2028 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
“സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ കമ്മിറ്റി ഗവേഷണം നടത്തുകയും ശുപാർശകൾ നൽകുകയും ചെയ്യും,”നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ സ്റ്റാലിൻ പറഞ്ഞു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രകാരമുള്ള ത്രിഭാഷാ ഫോർമുല എന്നിവയോടുള്ള എതിർപ്പും സ്റ്റാലിൻ വ്യക്തമാക്കി. ത്രിഭാഷാ നയത്തിന്റെ പേരിൽ കേന്ദ്രസർക്കാർ തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. എൻഇപി നിഷേധിച്ചതിനാൽ, സംസ്ഥാനത്തിന് 2500 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ല,” സ്റ്റാലിൻ പറഞ്ഞു. വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പ്രത്യേക വിഷയമാക്കണമെന്നും, വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ 42-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.