വാണിമേല്‍: ഹെല്‍ത്തി കേരളയുടെ ഭാഗമായി അധികൃതര്‍ ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന മറ്റു സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ശരിയായി സംസ്‌കരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഭൂമിവാതുക്കല്‍ സ്‌കൂളിന്റെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ന്യൂ അജ്മീര്‍ എന്ന സ്ഥാപനത്തിന് സമീപത്ത് കൂട്ടിയിട്ട സിഗരറ്റിന്റെയും മറ്റും അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം നിയമാനുസൃത ബോര്‍ഡ് സ്ഥാപിക്കാത്ത വാണിമേല്‍ പെട്രോള്‍ പമ്പിന് പിഴ ചുമത്തി. സ്ഥാപന പരിസരം ഉടന്‍ വൃത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചു. ബേക്കറി നിര്‍മ്മാണ യൂണിറ്റ് ഡീ-ബേക്ക്‌സ് എന്ന സ്ഥാപനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്
നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മഞ്ഞപ്പിത്ത രോഗബാധ നിലനില്‍ക്കുന്നതിനാല്‍ ആഘോഷ വേളകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണവും കുടിവെള്ളവും ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ അറിയിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്‍കി. ജൂനി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ് സി.പി, ചിഞ്ചു കെ.എം എന്നിവര്‍ പങ്കെടുത്തു.


