വടകര: ഇന്‍വോള്‍വ് കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റി ദശവാര്‍ഷികത്തോടനുബന്ധിച്ച് ‘സുസ്ഥിര ജീവിതരീതികള്‍
പിന്തുടരുന്നതിനുള്ള പ്രചോദനം ഒരുക്കുക’ എന്ന ഉദ്ദേശ്യത്തോടെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക് നിര്‍മിതമായതുള്‍പ്പെടയുള്ള ഒറ്റത്തവണ മാത്രം ഉപയോഗിച്ച് കളയുന്ന വസ്തുക്കളുടെ ഉപഭോഗം പരമാവധി ഒഴിവാക്കിക്കൊണ്ടും പകരം ഉപയോഗിക്കാവുന്ന ബദല്‍ മാര്‍ഗങ്ങള്‍ അവലംബിച്ചു പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതരീതികള്‍ പിന്തുടര്‍ന്ന് മാതൃകാ പരമായ അവബോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വടകര
നഗരസഭയിലെയും ചോറോട്, മണിയൂര്‍, വില്യാപ്പള്ളി, ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലെയും മുഴുവന്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കും ഇന്‍വോള്‍വിന്റെ നേതൃത്വത്തില്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ സമ്മാനിച്ചു. കൈനാട്ടി ബ്ലോസം ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ക്യാമ്പയിന്‍ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.പി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഇന്‍വോള്‍വ്
എക്‌സികുട്ടീവ് കമ്മറ്റി അംഗം സ്വരൂപ് രയരോത്ത് സുസ്ഥിര ജീവിത ശൈലിയെക്കുറിച്ച് പ്രഭാഷണം നടത്തി. ഹരിത കര്‍മ സേന പ്രതിനിധികള്‍ മറുമൊഴിയര്‍പ്പിച്ച് സംസാരിച്ചു. ഇന്‍വോള്‍വ് ജനറല്‍ സെക്രട്ടറി ദീപേഷ് ഡി.ആര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുധീഷ് ഇ.കെ നന്ദിയും പറഞ്ഞു.



