കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചകുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍
ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങള്‍ക്കിഷ്ടപ്പെട്ട രുചിയില്‍ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ സ്വന്തം ബ്രാന്‍ഡ് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ്കഫേ കുടുംബശ്രീ റസ്റ്റോറന്റുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള പിഎംആര്‍ കോംപ്ലക്‌സിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. സാധാരണ വിഭവങ്ങളോടൊപ്പം കറുത്തമ്മ മീന്‍ കറി, കരിംജീരകക്കോഴി തുടങ്ങിയ സ്‌പെഷ്യല്‍ വിഭവങ്ങളും വിവിധ
തരം ബെറി, ഷേക്, ജ്യൂസുകള്‍ എന്നിവയും ലഭിക്കും. കൊയിലാണ്ടി മിനി സദ്യ പ്രത്യേക ആകര്‍ഷണമാകും. അതിഥി സല്‍ക്കാര മേഖലയിലെ കുടുംബശ്രീ പരിശീലന ഗവേഷണ സ്ഥാപനമായ അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റി (ഐഫ്രം)ന്റെ സാങ്കേതിക സഹായത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കെ ഗിരിജ, സി.പി ശ്രീജിഷ, പി.പി വീണ എന്നീ സംരംഭകര്‍ ചേര്‍ന്നാണ് കഫേയ്ക്ക് രൂപം നല്‍കിയത്. ഇതിന് പുറമെ 11 സര്‍വ്വീസ് സ്റ്റാഫും യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നു. കേറ്ററിംഗ് സര്‍വീസുകള്‍, പാര്‍ട്ടി ഓര്‍ഡറുകള്‍ മീറ്റിങ്ങുകള്‍, ഹോം ഡെലിവറിതുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഒരേ സമയം 50 പേര്‍ക്ക് ഭക്ഷണം കഴിക്കാനാകും. ഈ സാമ്പത്തിക വര്‍ഷം ഒന്നര കോടി രൂപയുടെ വിറ്റുവരവാണ് യുണിറ്റ് ലക്ഷ്യമിടുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രീമിയം ഹോട്ടലുകള്‍ക്ക് സമാനമായ സൗകര്യങ്ങള്‍ ഒരുക്കി ധാരാളം പുതിയ ഉപഭോക്താക്കളെ
സംരംഭത്തിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തങ്ങളാണ് നടന്നു വരുന്നത്. ഇതിലൂടെ സംരംഭകര്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് ജില്ലാ മിഷന്‍ പ്രതീക്ഷിക്കുന്നത്. ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ ഷിജു, ഇ.കെ അജിത്ത്, ഇന്ദിര, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി കവിത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എം.പി ഇന്ദുലേഖ, കെ.കെ വിബിന തുടങ്ങിയവര്‍ പങ്കെടുത്തു.



