
കുട്ടിയുടെ വീടിന്റെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്.
കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറയുകയും ചെയ്തു. ഇതോടെ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്ന്നത്. കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതിമാറി നിന്നു. തെരച്ചിൽ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയതിനുശേഷവും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ
ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇന്നലെ വൈകിട്ട് 5:30 യോടെയാണ് വീടിന് സമീപത്ത് കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ പ്രതി വിളിച്ചുകൊണ്ടുപോകുന്നത്. ചാമ്പക്ക തരാം എന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. കുട്ടികൾക്ക് ഇയാളെ നേരത്തെ പരിചയമുണ്ടായിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും.