വേളം: കുറ്റ്യാടി മണ്ഡലത്തിലെ മണിമല നാളികേര പാര്‍ക്ക് വ്യവസായങ്ങള്‍ക്കായി ഒരുങ്ങുന്നു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്ന് കെ.പി കുഞ്ഞമ്മദ്കുട്ടി
എംഎല്‍എ അറിയിച്ചു. ആദ്യഘട്ട പ്രവൃത്തിയുടെ ഭാഗമായി 16.20 ലക്ഷം രൂപയുടെ ട്രാന്‍സ്‌ഫോര്‍മര്‍ കെഎസ്ഇബി സ്ഥാപിച്ചിട്ടുണ്ട്. 226 മീറ്റര്‍ നീളത്തിലുള്ള റോഡ് നിര്‍മാണം, ഭൂമി ഉപയോഗയോഗ്യമാക്കുന്നതു സംബന്ധിച്ച പ്രവൃത്തികള്‍ എന്നിവയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഭൂമി ഉപയോഗയോഗ്യമാക്കുന്ന പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്. അതിരുകളിലുള്ള ചുറ്റുമതില്‍ നിര്‍മ്മാണം ഭൂരിഭാഗവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ്
സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. ചുറ്റുമതില്‍, പ്രവേശന കവാടം, വാച്ച്മാന്‍ ക്യാബിന്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 2.87 കോടി രൂപയാണ് അനുവദിച്ചത്. 2025-ല്‍ തന്നെ മണിമല നാളികേര പാര്‍ക്ക് വ്യവസായങ്ങള്‍ക്ക് തുറന്ന് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു.


