വടകര: കേരളത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ പദ്ധതിയുടെ ഭാഗമായി നാളെ
(ഞായര്‍) വടകര മുനിസിപ്പല്‍ ചത്വരത്തില്‍ ലഹരിക്കെതിരെ സാംസ്‌കാരിക സംഗമം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍എസ്എസ് കോഴിക്കോട് ആസാദ് സേനയുടെ നേതൃത്വത്തില്‍ വടകര ക്ലസ്റ്ററിലെ 12 സ്‌കൂളുകളാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ. ആര്‍.എന്‍ അന്‍സര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ.ഇ ബൈജു മുഖ്യാതിഥിയായി പങ്കെടുക്കും. വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷയാവുന്ന ചടങ്ങില്‍ റീജിയണല്‍ കണ്‍വീനര്‍ എസ് ശ്രീജിത്ത്, ആസാദ് സേന ജില്ലാ കോഡിനേറ്റര്‍ ലിജോ ജോസഫ്, സംസ്ഥാന പരിശീലകരായ ഡോ.സംഗീത കൈമള്‍, കെ.ഷാജി എന്നിവര്‍ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് വടകര ക്ലസ്റ്ററിലെ 12 സ്‌കൂളുകളിലെ ആയിരത്തിലേറെ എന്‍എസ്എസ്
വൊളണ്ടിയര്‍മാര്‍ ചേര്‍ന്ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങല, റാലി, പ്രതിജ്ഞ, മണ്‍ ചിരാത് തെളിക്കല്‍, മൈം, ഫ്‌ലാഷ് മോബ് എന്നിവ സംഘടിപ്പിക്കും. ‘ഞാനും എന്റെ കുടുംബവും ലഹരി മുക്തം’, ‘ലഹരി മുക്ത ഭവനം’ തുടങ്ങിയ പദ്ധതികളുടെ വടകര മേഖലയിലെ ഉദ്ഘാടനവും നടക്കും. എന്‍എസ്എസ് യൂണിറ്റുകളുടെ ദത്ത് ഗ്രാമങ്ങളിലും മറ്റും ലഹരി മുക്തമാക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വടകര ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ.ഷാജി, പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് കൊളോറ, ഷിജിത്ത് കുമാര്‍, ലത്തീഫ് തുറയൂര്‍ എന്നിവര്‍ പങ്കെടുത്തു.


