നാദാപുരം: കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി വാഹന ഗതാഗതം തടസപ്പെടുത്തി റോഡില്‍ പടക്കം പൊട്ടിച്ച കേസില്‍ മൂന്ന്
പേര്‍ അറസ്റ്റില്‍. കല്ലാച്ചി ചീറോത്ത് മുക്ക് സ്വദേശി നടുവത്ത് വീട്ടില്‍ ഇമ്രാന്‍ ഖാന്‍ (28), കല്ലാച്ചി സ്വദേശികളായ മത്തത്ത് സജീര്‍ (27), പുത്തന്‍ പുരയില്‍ മുഹമ്മദ് റാഫി (27) എന്നിവരെയാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവില്‍ പോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച രാത്രിയിലാണ് ഒരു സംഘം യുവാക്കള്‍ സംസ്ഥാന പാത കയ്യേറി വാഹനങ്ങള്‍ തടസ്സപ്പെടുത്തി നടുറോഡില്‍ അപകടകരമായ രീതിയില്‍ പടക്കങ്ങള്‍
പൊട്ടിച്ചത്. സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ നാദാപുരം പോലിസ് കേസെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതായും അവരേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിഐ പറഞ്ഞു.

