.
വടകര: സാമൂഹിക പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ച ധിഷണാശാലിയായ മാധ്യമ പ്രവര്‍ത്തകനും ഒപ്പം നല്ലൊരു

എഴുത്തുകാരനുമാണ് ഇന്നലെ വിടപറഞ്ഞ ഇ.വി.ശ്രീധരന്‍. എണ്ണറ്റ കഥകള്‍ എഴുതുകയും ധൈഷണികനായ പത്രപ്രവര്‍ത്തകനെന്ന് പേരെടുക്കുകയും ചെയ്ത ഇ.വി.ശ്രീധരന്‍ ഒരു കാലത്ത് കലാരംഗത്തും മാധ്യമ രംഗത്തും ഒരുപോലെ തിളങ്ങി.
എഴുപതുകളിലെയും എണ്‍പതുകളിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തന്റെ തൂലികയിലൂടെ ഇ.വി.ശ്രീധരന്‍ വിമര്‍ശനം തൊടുത്തുവിട്ടു. ഭരണ കൂടങ്ങള്‍ക്ക് എതിരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജനപക്ഷ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹം ഉത്സാഹിച്ചു. ഗ്രാമങ്ങളും നഗരങ്ങളും കഥകളില്‍ പ്രധാന വിഷയമായി. മാനുഷികതയിലൂന്നിയുള്ള രചനകള്‍ അനുവാചകര്‍ക്ക് സമ്മാനിച്ചു. എണ്ണമറ്റ കഥകളും ഒപ്പം നോവലുകളും എഴുതി. കലാകൗമുദി വാരികയിലെ പത്രാധിപ സമിതി അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം തിളങ്ങുന്ന അധ്യായമായി. ഭരണകൂടത്തിന്റെയും രാഷ്ട്രീയ അണിയറകളിലെയും ചരടുവലികളും അന്തര്‍നാടകങ്ങളും അടുത്തുനിന്ന് കണ്ട ഇ.വി.ശ്രീധരന്‍ വേണ്ടതൊക്കെ വായനക്കാര്‍ക്ക് സമ്മാനിച്ചു.
റാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ചിന്തയാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. കഥാരചനയിലും മാധ്യമ കര്‍മത്തിലും ഇതു നിഴലിച്ചു.
മടപ്പള്ളി കോളജില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ ശ്രീധരന്‍ നേരെ മദിരാശിക്ക് വിട്ടു. അവിടെ മയ്യഴി കലാഗ്രാമത്തിന്റെ സ്ഥാപകനും മദിരാശി തുറമുഖത്ത് വ്യവസായിയുമായ എ.പി.കുഞ്ഞിക്കണ്ണനുമായുള്ള സൗഹൃദം ശ്രീധരന് വലിയ ഗുണം ചെയ്തു. ഇതോടൊപ്പം എം.ഗോവിന്ദന്റെ ശിഷ്യത്വം സാഹിത്വത്തിലും പത്രപ്രവത്തന രംഗത്തും ശോഭിക്കാന്‍ സഹായിച്ചു. പതിറ്റാണ്ടുകളായി സാഹിത്യ രംഗത്തെയും രാഷ്ടീയ രംഗത്തെയും പ്രമുഖരുമായി വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ; ഇതൊരിക്കലും പകിട്ട് കൂട്ടാനുള്ള അവസരമായി അദ്ദേഹം ഉപയോഗിച്ചില്ല. സാധാരണക്കാരനായി ജീവിക്കാന്‍ മാത്രമായിരുന്നു ശ്രദ്ധ.
അഴിയൂര്‍ ചോമ്പാല സ്വദേശിയായ ശ്രീധരന്റെ പ്രവര്‍ത്തന മേഖല വര്‍ഷങ്ങളായി തിരുവന്തപുരം ആയിരുന്നു. സ്വന്തം നാടായ ചോമ്പാലില്‍ അപരിചിതനായി മാറിയതില്‍ അദ്ദേഹത്തിന് തീരാസങ്കടമായിരുന്നു.
തന്നെ ചോമ്പാലില്‍ ആര്‍ക്കും അറിഞ്ഞൂ കൂടെന്ന് അദ്ദേഹം സങ്കടപ്പെട്ടു. റോഡിലൂടെ നടന്ന് പോകുമ്പോള്‍ സംശയത്തോടെ ചിലര് നോക്കും. ഇതാരാണപ്പാ? ഞാന്‍ ഇവിടെ ഒരു അപരിചതനാണ്! എനിക്ക് തിരുവനന്തപുരത്ത് പോകണം ചിലത് ചെയ്ത് തീര്‍ക്കാനുണ്ട്. അടുത്ത കാലം വരെ തിരുവനന്തപുരത്തേക്ക് പോകുന്നതിനെ പറ്റി പറഞ്ഞ് കൊണ്ടേയിരുന്നു. പക്ഷേ രോഗം യാത്ര അനുവദിച്ചില്ല. ഇങ്ങനെയൊരു പ്രഗത്ഭവ്യക്തിത്വം ഇന്നാട്ടുകാരനായിരുന്നുവെന്ന് വടകരയിലെ പലരും അറിയാതെ പോയി.
ബുധനാഴ്ച പുലര്‍ച്ചെ ആറിന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വടകര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രിയോടെ
വള്ളിക്കാട്ടെ മരുമകളുടെ വിട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ രമ എംഎല്‍എ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍, കഥാകൃത്ത് വി.ആര്‍.സുധീഷ്, കവി വീരാന്‍ കുട്ടി, സാമൂഹിക-രാഷ്ട്രീയ നേതാക്കളായ മനയത്ത് ചന്ദ്രന്‍, ടി.കെ.വിജയരാഘവന്‍, മഹേഷ് മംഗലാട്ട്, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, പ്രവീണ്‍ ചന്ദ്രന്‍ മുടാടി, തയ്യുള്ളതില്‍ രാജന്‍, എടയത്ത് ശ്രീധരന്‍ എന്നിവര്‍ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു..=