വടകര: എസ്ജിഎംഎസ്ബി സ്‌കൂളിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ (ഏപ്രില്‍ 2) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ വടകര നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ അധ്യക്ഷത വഹിക്കും. കെ.കെ രമ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. സ്‌കൂള്‍ മാനേജര്‍ പ്രൊഫ. കടത്തനാട് നാരായണന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്യും. സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എല്‍ ജ്യോതികുമാര്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കും. സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി ഡോ. സി.പി സതീഷ് ഉപഹാരസമര്‍പ്പണം നടത്തും. ആശംസ നേര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമകുമാരി, വടകര
എഇഒ വി.കെ സുനില്‍, പിടിഎ പ്രസിഡന്റ് ഡോ. പ്രസാദ് ഏറാഞ്ചേരി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. മൂന്ന് ക്ലാസ് സൗകര്യമുള്ള കെട്ടിടമാണ് പണിതിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എല്‍ ജ്യോതികുമാര്‍, സ്റ്റാഫ് സെക്രട്ടറി എ ഉമേഷ് കുമാര്‍, ഹരീന്ദ്രന്‍ കരിമ്പനപ്പാലം എന്നിവര്‍ പങ്കെടുത്തു.


