പാലക്കാട്: ഒറ്റപ്പാലത്ത് എസ്‌ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറെന്ന യുവാവിനുമാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സ്ഥലത്തു നിന്ന് അക്ബറിനെ കൊണ്ടുപോകുമ്പോള്‍ ആണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ പിടികൂടി.
മീറ്റ്‌ന മേഖലയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമുണ്ടെന്നറിഞ്ഞു സ്ഥലത്തെത്തിയ ഒറ്റപ്പാലം എസ്‌ഐ രാജ് നാരായണനാണ് വെട്ടേറ്റത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പോലീസിനെ ഉള്‍പ്പെടെ ആക്രമിക്കുകയായിരുന്നു. എസ്‌ഐ രാജ് നാരായണന്റെ കൈക്കാണ് വെട്ടേറ്റത്. ഉടന്‍ തന്നെ ഇരുവരെയും മറ്റ് പോലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. അക്രമവുമായി ബന്ധപ്പെട്ട് ഷിബു, വിവേക് എന്നിവരെ ഇന്ന് പുലര്‍ച്ചെ പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.