വില്യാപ്പള്ളി: കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്‍ പരീക്ഷക്കിടെ ആള്‍മാറാട്ടം നടന്ന സംഭവത്തില്‍
സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എക്സാം സെന്ററായി ആര്‍എസി തെരഞ്ഞെടുത്ത് പ്ലസ് വണ്‍ പരീക്ഷ എഴുതിയ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടിയാണ് ആള്‍മാറാട്ടം നടന്നത്. ഇത് ഇന്വിജിലേറ്ററുടേയും പ്രിന്‍സിപ്പലിന്റെയും ഇടപെടല്‍ മൂലമാണ് തടയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ വാര്‍ത്ത ആര്‍എസി ഹയര്‍സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി ആള്‍മാറാട്ടം നടത്തി എന്ന് തോന്നുന്ന തരത്തില്‍ ചാനലുകളിലും മാധ്യമങ്ങളിലും വരുന്നത് വസ്തുതയല്ല. ഓപ്പണ്‍ സ്കൂള്‍ രജിസ്ട്രേഷന് മുഖേന പ്രൈവറ്റ് രജിസ്ട്രേഷന് നടത്തി എക്സാം
സെന്ററായി ആര്‍എസി ഹയര്‍ സെക്കന്ററി സ്കൂള്‍ തെരഞ്ഞെടുത്ത് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയില്‍ നിന്നാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ പരീക്ഷക്ക് മാത്രമേ സ്കൂളില്‍ എത്തുന്നുള്ളൂ. ഈ വിദ്യാര്‍ഥികളുടെ കയ്യിലുള്ള ഹാള്‍ടിക്കറ്റ് പരിശോധിച്ചാണ് ഇവരെ തിരിച്ചറിയാന്‍ കഴിയുന്നത്. ശനിയാഴ്ചത്തെ പരീക്ഷയില്‍ അത്തരത്തില്‍ സംശയം തോന്നിയപ്പോള്‍ പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

