നാദാപുരം: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. വാണിമേൽ പരിപ്പുപാറ ദയരോത്ത് കണ്ടി ഷൈജു(42)വിനെയാണ് നാദാപുരം
ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. നൗഷാദലി 43 വർഷത്തെ കഠിന തടവിനും 1,05,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. അമ്മ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം പരപ്പുപ്പാറയിലും പാതിരിപ്പറ്റയിലും ഈ കുട്ടി വാടകക്ക് താമസിച്ചിരുന്നു. പരപ്പുപ്പാറയിലെ വാടക വീട്ടിൽ വെച്ചാണ് പ്രതി പീഡിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുട്ടിയെ ബാലിക സദനത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളയം
പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് ഇൻസ്പെക്ടർമാരായ ജെ.ആർ.രഞ്ജിത്ത് കുമാർ, ഇ.വി.ഫായിസ് അലി, അസി.സബ് ഇൻസ്പെക്ടർ കുഞ്ഞുമോൾ എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി. പി.എം.ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു


