വില്യാപ്പള്ളി: എംജെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി മുസ്ലിം ലീഗ് വില്യാപ്പള്ളി പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയില്‍ ആരോപിച്ചു. കേരളത്തില്‍ വളരെ കുറ്റമറ്റരീതിയില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്ന പൊതു പരീക്ഷയാണ് എസ്എസ്എല്‍സി. അത്തരം ഒരു പരീക്ഷയില്‍ ഒരു സ്ഥാപനത്തിലുള്ളവര്‍ വിചാരിച്ചാല്‍ യാതൊരു ക്രമക്കേടും നടത്താന്‍ കഴിയില്ലെന്നതാണ് വസ്തുത. എന്നിരിക്കെ ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി വ്യാജ വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ചു പ്രചരിപ്പിക്കുന്നത് പ്രബുദ്ധ കേരളത്തില്‍ വിലപ്പോകില്ല.
ഈ പരീക്ഷയുടെ നടത്തിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ്. ഒരോ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ വകുപ്പ് പുറത്തുള്ള അധ്യാപകരെയാണ് ഡെപ്യൂട്ടി ചീഫ്, ഇന്‍വിജിലേറ്റര്‍ എന്നിവരെ ഡ്യൂട്ടിക്ക് നിയമിക്കുന്നത്. എന്നിരിക്കെ അവിടങ്ങളില്‍ മറ്റ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ സഹായിക്കാന്‍ യാതൊരു വിധത്തിലും സാധ്യമല്ല. അതുകൊണ്ടു തന്നെ വടകര താലൂക്കില്‍ വിദ്യാഭ്യാസ രംഗത്ത് നിയതവും നിര്‍ണായകവുമായ വളര്‍ച്ച പ്രാപിച്ചു വരുന്ന മികച്ച മൈനോരിറ്റി വിദ്യാലയമായ വില്ല്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനും സമൂഹ മധ്യത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റായി ധരിപ്പിക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി പ്രതിഷേധിക്കുന്നതായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളുടെ നിജസ്ഥിതി അന്വേഷണവിധേയമാക്കി സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നു മുസ്ലിംലീഗ് കമ്മറ്റി ആവശ്യപെട്ടു.