തിരുവള്ളൂര്‍: ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 8.5 കോടി രൂപയും ലഹരി വ്യാപനം പ്രതിരോധിക്കാന്‍ 2.5 ലക്ഷം രൂപയും വകയിയിരുത്തി
തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക ബജറ്റ്. 3,97,04,397 രൂപ മിച്ചമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഡി പ്രജീഷ് അവതരിപ്പിച്ചു. സ്ഥാപനത്തിലും വീട്ടിലും തൊഴിലെടുക്കാന്‍ സൗകര്യക്കുറവുള്ള വനിതകള്‍ക്ക് നൂതനസാങ്കേതിക സൗകര്യങ്ങളോടുകൂടിയ വുമന്‍സ് വര്‍ക്ക് ഹബ് തുടങ്ങാന്‍ 40 ലക്ഷം രൂപയും ലൈഫ് ഗുണഭോക്താക്കള്‍ക്ക് തുടര്‍ വിഹിതം നല്‍കാന്‍ നാല് കോടി രൂപയും എസ്‌സി ശ്മശാനം ആധുനികവല്‍കരിക്കാന്‍ 10 ലക്ഷം രൂപയും വെതര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി. വെറ്ററിനറി സബ് സെന്റര്‍ നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും രണ്ട് അങ്കണവാടികള്‍ സ്മാര്‍ട്ടാക്കിമാറ്റാന്‍ 63 ലക്ഷവും പാതയോരങ്ങളില്‍ വാട്ടര്‍ ബൂത്ത് സ്ഥാപിക്കാന്‍ ആറ് ലക്ഷം
രൂപയും തനത് വിദ്യാഭ്യാസ പദ്ധതിയായ വിജയ പാഠത്തിന്റെ തുടര്‍ച്ചക്ക് മൂന്ന് ലക്ഷം രൂപയും നീക്കിവെച്ചു. കാര്‍ഷിക മേഖലക്ക് 39 ലക്ഷവും പക്ഷിമൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 67.25 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും യൂനിഫോമും ഹരിത കര്‍മ്മസേനക്ക് മൊബൈല്‍ഫോണ്‍ അലവന്‍സും സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ആരോഗ്യരക്ഷാ ഉപകരണങ്ങളും ബജറ്റില്‍ പരിഗണിച്ചിട്ടുണ്ട്. നാട്ടിന്‍ പുറത്ത് കീടബാധ കൊണ്ട് നാശോന്മുഖാവസ്ഥയിലായ ഈന്ത് മരത്തിന്റേയും മാവുകളുടേയും സംരക്ഷണത്തിനും ബജറ്റില്‍ ഫണ്ട് വകയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഹാജറ, സെക്രട്ടറി എം.കെ സജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


