
താമരശേരി പോലീസ് സ്റ്റേഷനിലെ പിആർഒ കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട നൗഷാദ്. യാസിറിനെതിരെ പരാതിയുമായി ഷിബില നൗഷാദിനെയാണ് സമീപിച്ചത്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ് യാസിർ എന്നതടക്കമുള്ള കാര്യങ്ങൾ ഷിബില നൗഷാദിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷിബില പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലെടുക്കാനോ യാസിറിനെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നാണ് കുടുംബം പരാതിപ്പെട്ടത്. നൗഷാദിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പ്രശ്നപരിഹാരത്തിന് പോലീസ് സഹായിച്ചില്ലെന്നായിരുന്നു ഷിബിലയുടെ പിതാവ് പറഞ്ഞത്. പോലീസിൽ പരാതി നൽകിയപ്പോൾ രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. നടപടി എടുത്തിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു. പോലീസിന്റെ അനാസ്ഥയ്ക്കെതിരെ മുഖ്യന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഷിബിലയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.