വടകര: ദേശീയപാത നിര്‍മ്മാണത്തിന്റ ഭാഗമായി താല്‍ക്കാലികമായി അടച്ച ചോറോട്-മലോല്‍മുക്ക് റോഡ് ഉടന്‍ ഗതാഗത്തിന് തുറന്ന് കൊടുക്കണമെന്ന് എല്‍ഡിഎഫ് ചോറോട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
ആവശ്യപ്പെട്ടു. വളരെ പ്രധാനപ്പെട്ട ഈ റോഡ് യാതൊരു മുന്നറിയിപ്പും ഇല്ലാതെയും ബദല്‍ ഗതാഗത സംവിധാനം ഒരുക്കാതെയും ദേശീയപാത നിര്‍മ്മാണ ചുമതലയുള്ള ‘വാഗാഡ് കമ്പനി’ അധികൃതര്‍ അടച്ചിടുകയായിരുന്നു. ചോറോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചേര്‍ന്ന് ഈ നീക്കം തടയുകയും നിര്‍മാണ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി കമ്പനിയുടെ സ്വന്തം ചെലവില്‍ ബദല്‍ റോഡ് സൗകര്യം ഒരുക്കിയതിന് ശേഷം മാത്രമേ റോഡ് അടക്കുകയുള്ളൂ എന്നും ആറ് മാസത്തിനുള്ളില്‍ പാലത്തിന്റ പണിപൂര്‍ത്തിയാക്കി റോഡ് പുനഃസ്ഥാപിക്കുമെന്നും ഉറപ്പു നല്‍കിയതുമാണ്. തീരുമാനിച്ച പ്രകാരം ബദല്‍ റോഡ് സൗകര്യം
ഒരുക്കിയതിന് ശേഷം മാത്രമാണ് ചോറോട് മലോല്‍ മുക്ക് റോഡ് അടച്ച് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്.എന്നാല്‍ പാലത്തിന്റെ പണി പൂര്‍ത്തിയായാലും മലോല്‍മുക്ക് റോഡ് അടച്ചിടും എന്ന വ്യാജ പ്രചാരണം ചില കോണുകളില്‍ നിന്നും ഉയര്‍ന്ന് വരികയാണ്. ഇത് പ്രദേശത്തെ ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാലത്തിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി മലോല്‍മുക്ക് റോഡ് ഗതാഗയത്തിനായി തുറന്ന് കൊടുക്കണം. കൂടാതെ പെരുവാട്ടിന്‍ താഴ ജങ്ഷന്‍ മുതല്‍ മലോല്‍മുക്ക് റോഡ് വരെയുള്ള ഏകദേശം 300 മീറ്റര്‍ ഭാഗത്തെ സര്‍വീസ് റോഡ് ടു വേ റോഡ് ആക്കിയാല്‍ മാത്രമേ പ്രദേശ വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളു. ഈ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകണം. ഇതുമായി ബന്ധപ്പെട്ടു ദേശീയ പാത അതോറിറ്റിക്കും മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി എല്‍ഡിഎഫ് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. നൂറുകണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന ചോറോട് കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ ആശുപത്രി, കൃഷിഭവന്‍, ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ്
ഓഫീസ്, മാങ്ങോട്ടുപാറ, മലോല്‍മുക്ക്, കുരിക്കിലാട് ബ്രാഞ്ചുകള്‍, റാണി പബ്ലിക് സ്‌കൂള്‍, പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ചോറോട് പഞ്ചായത്തിന്റ പുതിയ ഓഫീസ് തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്കുമുള്ള പ്രധാന റോഡാണിതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍, എ.പി വിജയന്‍, മധു കുറുപ്പത്ത്, പി.കെ സതീശന്‍ എന്നിവര്‍ പങ്കെടുത്തു.



