ന്യൂഡല്‍ഹി: മാര്‍ച്ച് 24,25 തീയതികളില്‍ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മാറ്റിവച്ചു. സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുമായി ട്രേഡ് യൂണിയനുകള്‍
ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തൊഴിലാളികളുടെ ആവശ്യം ചര്‍ച്ചയില്‍ പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് പണിമുടക്ക് മാറ്റിവച്ചത്. എല്ലാ തസ്തികകളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍
ഉന്നയിച്ചാണ് യുഎഫ്ബിയു പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരണം, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക തുടങ്ങിയവയും ആവശ്യങ്ങളില്‍ പെടുന്നു. പണിമുടക്ക് മാറ്റിവച്ചെങ്കിലും 22,23 നാലാം ശനി, ഞായര്‍ ദിനങ്ങളും മാര്‍ച്ച് 30 ഞായര്‍, 31 ചെറിയ പെരുനാള്‍, ഏപ്രില്‍ 1 കണക്കെടുപ്പ് എന്നിവ കാരണം ബാങ്കുകള്‍ വരുന്ന 10 ദിവസങ്ങളില്‍ അഞ്ച് ദിവസത്തോളം അടഞ്ഞുകിടക്കും.


