കോഴിക്കോട്: ദേശീയപാതയില്‍ പന്തീരാങ്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഷിഫാസാണ് (19) മരിച്ചത്. നാലു പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ അത്താണിക്ക് സമീപമാണ് അപകടം.
കാറിലുണ്ടായിരുന്ന പിതാവ് അബ്ദുല്‍ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീര്‍ (19) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന അത്താണി ജങ്ഷനില്‍നിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്പോള്‍ പിറകില്‍ വന്ന കാര്‍ ലോറിയില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാരും പന്തീരാങ്കാവ് പോലീസും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂര്‍ ഇരിക്കൂറില്‍നിന്നു ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍ എന്ന് പോലീസ് പറഞ്ഞു. പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജുവിന്റെ നേതൃത്വത്തില്‍ പോലീസ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.