ചേരാപുരം: ഭവന നിര്‍മ്മാണം, സാമൂഹ്യ സുരക്ഷ, കൃഷി, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി വേളം ഗ്രാമ പഞ്ചായത്ത് ബജറ്റിന് ഭരണ സമിതിയുടെ അംഗീകാരം. ലൈഫ് ഭവന പദ്ധതി ലിസ്റ്റിലുള്ള എല്ലാവര്‍ക്കും
വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ 3,40,00,000 രൂപ ഭവന നിര്‍മ്മാണത്തിനു വകയിരുത്തി വൈസ് പ്രസിഡണ്ട് കെ.സി ബാബു ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണത്തിനും നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കുമായി 39,48,000 രൂപയും കുടിവെള്ള പദ്ധതി കളുടെ പൂര്‍ത്തീകരണത്തിന് 29,61,000 രൂപയും വകയിരുത്തി. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ബഡ്‌സ് സ്‌കൂള്‍ നടത്തിപ്പുള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷിതത്വ പരിപാടികള്‍ക്ക് 41,55,000 രൂപയും ആരോഗ്യ മേഖലയില്‍
41,55,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. നെല്‍ കൃഷി വികസനത്തിന് 30,85800 രൂപ മാറ്റി വെച്ചു. മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവക്ക് 14,45,000 രൂപ വകയിരുത്തി. റോഡുകള്‍, പാലങ്ങള്‍, തെരുവു വിളക്കുകള്‍ ഉള്‍പ്പെടെയുള പശ്ചാത്തല മേഖലക്ക് 1,83,08,000 രൂപ നീക്കിവെച്ചു. പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തൊഴിലുറപ്പ് പദ്ധതിയില്‍ 13 കോടി രൂപയാണ് നീക്കിവെച്ചത്. 36,49,79, 688 രൂപ വരവും 35,97,74, 931 രൂപ ചെലവും 52,04,755 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ സറീന നടുക്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി സൂപ്പി, ആരോഗ്യ വിദ്യാഭ്യാസ സമിതി
ചെയര്‍ പേഴ്‌സണ്‍ സുമ മലയില്‍, തായന ബാലാമണി, കിണറുള്ളതില്‍ അസീസ്, കെ.സി സിത്താര, പി.എം കുമാരന്‍, എം.സി മൊയ്തു, ഇ.പി സലിം, കെ.കെ ഷൈനി, ബീന കോട്ടേമ്മല്‍, പി.പി ചന്ദ്രന്‍, സി.പി ഫാത്തിമ, അനിഷ പ്രദീപ്, സെക്രട്ടറി സി.കെ റഫീഖ്, അസി. സെക്രട്ടറി സിബി, അക്കൗണ്ടന്റ്‌റ് വിശ്വന്‍ ഉന്തുമ്മല്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



