
മുയിപ്പോത്ത്: പുറക്കാമലയില്‍ കരിങ്കല്‍ ഖനനത്തിനെതിരെ രൂക്ഷമായ സമരം നടക്കുന്നതിനിടയില്‍ വീണ്ടും സംഘര്‍ഷം. രാത്രിയുടെ മറവില്‍ ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തി. നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞു.
പുലര്‍ച്ചെ രണ്ടരയോടെയാണ് പോലീസ് അകമ്പടിയോടെ പാറ പൊട്ടിക്കാനുള്ള കംപ്രസര്‍ പുറക്കാമലയില്‍ കയറ്റിയത്. വിവരമറിഞ്ഞ പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. യാതൊരു കാരണവശാലും കംപ്രസര്‍ പുറക്കാമലയില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു സംരക്ഷണ സമിതി. ഇവരെ വെട്ടിച്ചാണ് പുലര്‍ച്ചെ പോലീസ് സഹായത്തോടെ കംപ്രസര്‍ മലയിലെത്തിച്ചത്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഫിഖിലും ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്തും സ്ഥലത്തെത്തി. ജനങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന ഖനനത്തിന് പോലീസ് ഒത്താശ ചെയ്യുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ധാരാളം വീട്ടമ്മമാരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ബവന്തവസുണ്ട്.