ലണ്ടൻ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം.
ഒരു പരിപാടിയിൽ പങ്കെടുത്തുശേഷം കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു. ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണ് പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്.

ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാന് പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച് നാലിനാണ് ജയ്ശങ്കർ ലണ്ടനിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം.