വടകര: കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രത്യേയശാസ്ത്രങ്ങളും നിലപാടുകളും കൈയ്യെഴിഞ്ഞ സിപിഎം ഈ സമ്മേളനകാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര മുഖംമൂടി അഴിച്ചു വെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍ അഭിപ്രായപ്പെട്ടു. സഖാവ് മണ്ടോടി കണ്ണന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ആര്‍എംപിഐ കുന്നുമ്മക്കരയില്‍ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ തീവ്ര വലതുപക്ഷ നിലപാടുകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകളുമായാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ കൊണ്ടുവരാനുള്ള ബില്ല്
നിയമസഭയില്‍ പാസായി കഴിഞ്ഞിരിക്കുകയാണ്.
ആഗോള മൂലധനത്തെ ഒരു നിയന്ത്രണവും ഇല്ലാത്ത രീതിയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ഏക കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. കേരളം ഇന്ന് കൊലപാതകങ്ങളുടെയും മയക്കുമരുന്നിന്റെയും പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. നിയമസംവിധാനത്തിനും പോലിസിനും ഉള്‍പ്പെടെ ഇടപെടാന്‍ കഴിയാത്ത തരത്തില്‍ മയക്ക്മരുന്ന് മാഫിയ ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തില്‍ വളര്‍ന്നിരിക്കുകയാണ്. കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് ഇത് വ്യക്തമാക്കുന്നത്. മദ്യവര്‍ജനമാണ് ഞങ്ങളുടെ പ്രഖ്യാപിതനയം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ മദ്യ നിര്‍മാണശാലകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുകയും, യുഡിഎഫ് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുകയും പുതിയ ലൈസന്‍സുകള്‍ അനുവിദിക്കുകയും ചെയ്തു കൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് എല്‍ഡിഎഫ് നേതൃത്വം നല്‍കും എന്ന് പറയുന്നത് അല്‍പ്പത്തരമാണ്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന ജീവല്‍ സമരത്തെ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന സമരം എന്നും പാട്ടപ്പിരിവുകാരുടെ സമരം എന്നും അധിക്ഷേപിക്കുന്ന സിപിഎം ഒരു കാലത്ത് ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു എന്ന് മനസ്സിലാക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ ഒന്നിച്ചുകൊണ്ട് ഒരു ചുലായി സിപിഎം എന്ന പാര്‍ട്ടിയെ തന്നെ തുടച്ചുനീക്കുന്ന കാലം വിദൂരമല്ലെന്നും ദേവരാജന്‍ ഓര്‍മ്മപ്പെടുത്തി.
പൊതുയോഗത്തില്‍ എന്‍.വേണു, എന്‍.പി.ഭാസ്‌ക്കരന്‍, ടി.കെ.സിബി, കെ.ഭാസ്‌ക്കരന്‍. പി.എം.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.