
കഴിഞ്ഞ മാസം 17നാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ വിട്ട് വന്ന കുട്ടി ദീര്‍ഘനേരം ഉറങ്ങുകയും തനിക്ക് ക്ഷീണമാണെന്ന് മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തനിക്ക് ഒരു ചോക്‌ളേറ്റ് കഴിച്ചപ്പോള്‍ മുതലാണ് ഉറക്കം വരാന്‍ തുടങ്ങിയതെന്ന് കുട്ടി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. സ്‌കൂളില്‍ നിന്നാണ് മിഠായി കിട്ടിയതെന്ന് കുട്ടി പറഞ്ഞു. മേശപ്പുറത്തിരുന്ന് കിട്ടിയ മിഠായി താന്‍ കഴിച്ചതാണെന്നും കുട്ടി പറഞ്ഞു. ആരോ കഴിച്ചശേഷം പാതി ഒടിച്ച് വച്ച ചോക്‌ളേറ്റാണ് താനെടുത്തതെന്നും അത് കഴിച്ചപ്പോള്‍ മുതലാണ് ക്ഷീണം തുടങ്ങിയതെന്നും കുട്ടി പറഞ്ഞു.
ബെൻസോഡായാപെൻസിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. ഉറക്കമില്ലായ്മ അടക്കമുള്ള രോഗാവസ്ഥയ്ക്ക് നൽകുന്ന മരുന്നാണ് ബെൻസോഡായാപെൻസ്. ചിലർ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. പക്ഷേ കുട്ടി കഴിച്ച ചോക്‌ലേറ്റിൽ ഇതിന്റെ അംശം എങ്ങനെ വന്നെന്നത് ഇപ്പോഴും അവ്യക്തമാണ്. ക്ലാസ് മുറിയിൽ എങ്ങനെ ചോക്‌ലേറ്റ് എത്തിയെന്ന് അറിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നെയുള്ളു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ചോക്‌ളേറ്റിന്റെ കവര്‍ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.