
പേരാമ്പ്ര: സാമൂഹിക വിപത്തായ ലഹരിമരുന്നിനെതിരെ നാട്ടുകാര്‍ രംഗത്ത്. വന്‍തോതില്‍ എംഡിഎംഎ വില്‍പന നടത്തി യുവാക്കളെ ലഹരിക്ക് അടിമയാക്കുന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് കടിയങ്ങാട് തെക്കേടത്ത് കടവില്‍ ഒരാള്‍ പിടിയിലായി. തെക്കേടത്ത് കടവ് മേലേടത്ത് ഒ.പി.സുനീറാണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് 11.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കടിയങ്ങാട്, തെക്കേടത്ത് കടവ് എന്നിവിടങ്ങളില്‍ യുവാക്കള്‍ ലഹരിക്ക് അടിമയാകുന്ന സാഹചര്യം ഗൗരവമായി കണ്ട നാട്ടുകാര്‍ ലഹരി വില്‍പനക്കെതിരെ കൂട്ടായ്മ രൂപവത്കരിച്ച് രംഗത്തിറങ്ങിയിരുന്നു. പ്രദേശത്ത് ചെറുപ്പക്കാര്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നത് മനസിലാക്കിയ കൂട്ടായ്മ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നതിനിടയിലാണ് സുനീറിനെ കുറിച്ച് വിവരം ലഭിക്കുന്നതും പോലീസിന്റെ പിടിയിലാകുന്നതും. ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം സ്ഥലത്തെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ പി.ഷെമീറും സംഘവും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങളും ചേര്‍ന്ന് പ്രതിയെയും ഇയാള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി സ്ഥിരമായി വന്‍തോതില്‍ എംഡിഎംഎ വാങ്ങി വില്‍പന നടത്തുന്നയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോലും ഇത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന അഭിപ്രായം ശക്തമാണ്. കഴിഞ്ഞ ദിവസം പ്രതിയുടെ അടുത്ത ബന്ധുവും അയല്‍വാസിയുമായ റാഫി എന്നയാളെ എംഡിഎംഎ സഹിതം പോലീസ് പിടികൂടി ജയിലിലടച്ചിരുന്നു.
പ്രതി സുനീറിനെ കോടതിയില്‍ ഹാജരാക്കും. ലഹരി മാഫിയക്കെതിരായ നടപടി ശക്തമായി തുടരുമെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും പേരാമ്പ്ര ഡിവൈഎസ്പി വ്യക്തമാക്കി.