
പ്രതിയായ അഫാന്റെ മുത്തശ്ശി സൽമാ ബീവി, സഹോദരൻ അഫ്‌സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാരം താഴെ പാങ്ങോട് മുസ്ലിം ജുമാ മസ്ജിദിൽ നടന്നു. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സൽമാ ബീവിയുടെയും അഫ്സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്. എസ്.എൻ പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റെയും ഷാഹിദയുടെയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.
ഇന്നലെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പ്രതി അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. 34 കിലോമീറ്റർ സഞ്ചരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു കൊലപാതകം. പേരുമലയിലെ വീട്ടിൽനിന്ന് പാങ്ങോട് ബാപ്പയുടെ ഉമ്മ താമസിച്ചിരുന്ന വീട്ടിലെത്തിയാണ് ആദ്യകൊലപാതകം. സ്വന്തം വീട്ടിൽനിന്ന് 16 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. ചുറ്റിക ഉപയോഗിച്ചാണ് കൊലനടത്തിയത്.
തുടർന്ന് പുല്ലമ്പാറ എസ്‌എൻപുരത്തുള്ള, ബാപ്പയുടെ സഹോദരൻ ലത്തീഫും ഭാര്യയും താമസിക്കുന്ന വീട്ടിലെത്തി. ഇവിടേക്ക് 10 കിലോമീറ്ററാണ് ദൂരം. അവരെ രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം എട്ടു കിലോ മീറ്റർ സഞ്ചരിച്ച് പേരുമലയിലെ സ്വന്തം വീട്ടിലെത്തി. സ്വന്തം ബെെക്കിലായിരുന്നു യാത്ര. രണ്ടുവീട്ടിലെയും കൊലപാതകം നടത്തിയശേഷമാണ് ഉമ്മയെയും സഹോദരനെയും പെൺസുഹൃത്തിനെയും ആക്രമിച്ചത്. ഉമ്മ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്.