
വടകര:മലയാളത്തിന്റെ കവിയും സിനിമാ ഗാനരചയിതാവും മാപ്പിളപ്പാട്ട് സാഹിത്യശാഖയിലെ വേറിട്ട വ്യക്തിത്വവുമായിരുന്ന പി.ടി.അബ്ദുറഹിമാന്റെ സ്മരണക്കായി വടകര എഫാസ് നല്‍കി വരുന്ന പി.ടി .സ്മാരക പുരസ്‌കാരത്തിന് ഗായകനും സംഗീത സംവിധായകനും എഴുത്തുകാരനുമായ വി.ടി.മുരളിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. 10, 000 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് മൂന്നാം വാരം വടകര നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും. രാജേന്ദ്രന്‍ എടത്തുംകര, വില്‍സണ്‍ സാമുവല്‍, ആര്‍ ബാലറാം എന്നിവരടങ്ങിയ പുരസ്‌കാരനിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കലാ സാംസ്‌കാരിക രംഗത്ത് നൂതനവും വൈവിധ്യവുമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് നാലു പതിറ്റാണ്ടിലേറെക്കാലമായി വടകരയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് എഫാസ് (എക്‌സല്‍ ഫൈനാര്‍ട്‌സ് സൊസൈറ്റി). കാവ്യഭാവനകളിലൂടെ ലളിതഗാന രംഗത്തും മാപ്പിളപ്പാട്ട് മേഖലയിലും അമൂല്യസംഭാവനകള്‍ നല്‍കിയ പി.ടി.അബ്ദുറഹിമാന്റെ ഓര്‍മ്മയ്ക്കായി എഫാസ് വടകരയില്‍
വര്‍ഷംതോറും വിപുലമായ അനുസ്മരണപരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. വിഎം കുട്ടി, എം കുഞ്ഞിമൂസ്സ, പീര്‍ മുഹമ്മദ്, ജമാല്‍ കൊച്ചങ്ങാടി, റഫീക്ക് അഹമ്മദ് തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ എഫാസിന്റെ പി.ടി. സ്മാരക പുരസ്‌കാരം ലഭിച്ചത്. സംഗീത നാടക അക്കാദമി അവാര്‍ഡ്, മാപ്പിള കലാ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് വി.ടി.മുരളി. വി.ടി.മുരളി സമാഹരിച്ച പി.ടി.അബ്ദുറഹിമാന്റെ സമ്പൂര്‍ണ കൃതികള്‍ കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി സംഗീതസംബന്ധിയായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ രാജേന്ദ്രന്‍ എടത്തുംകര, ടിവിഎ ജലീല്‍, പികെ കൃഷ്ണദാസ്, സി.വത്സകുമാര്‍ എന്നിവര്‍ പങ്കെടുത്തു.