തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ‘മവാസോ’ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂര്‍ എംപിക്ക് ക്ഷണം. പിണറായി സര്‍ക്കാരിനെ പിന്തുണച്ച് ലേഖനമെഴുതിയത് വിവാദമായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ ക്ഷണമെന്നതാണ് ശ്രദ്ധേയം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം, സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജര്‍ എന്നിവരാണ് ഡല്‍ഹിയിലെ വസതിയിലെത്തി ശശി തരൂരിനെ ക്ഷണിച്ചത്.
ഡിവൈഎഫ്‌ഐയുടെ ഇടപെടലിനെയും തന്നെ ക്ഷണിക്കാന്‍ കാണിച്ച മനസ്സിനെയും അദ്ദേഹം അഭിനന്ദിച്ചുവെന്നും വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂര്‍ പറഞ്ഞതായി എ.എ.റഹീം പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി യാത്ര ഉള്ളതിനാല്‍ മവാസോയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് അദ്ദേഹം അസൗകര്യം അറിയിച്ചതായും റഹീം പറയുന്നു.
മാര്‍ച്ച് 1, 2 തിയതികളിലാണ് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഫ്രിക്കന്‍ ഭാഷയായ സ്വാഹിലിയില്‍ നിന്നെടുത്ത ‘മവാസോ’ എന്ന വാക്കിനര്‍ത്ഥം ”ആശയങ്ങള്‍” എന്നാണ്. വിവിധ വകുപ്പ് മന്ത്രിമാര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പ് സ്ഥാപകന്‍ വി.കെ.സി.മമ്മദ് കോയ, കേരളത്തില്‍ നിന്നുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യന്‍, റമീസ് അലി, വിമല്‍ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരന്‍, സജീഷ് കെ വി, അഫ്‌സല്‍ സാലു, ജിസ് ജോര്‍ജ്, രജിത് രാമചന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ അതിഥികളായെത്തും.