വട്ടോളി: ക്ഷേത്രോത്സവങ്ങളിലും മറ്റും എഴുന്നള്ളത്തിനിടയില്‍ ആന ഇടഞ്ഞുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇനി രഥം വ്യാപകമാക്കാം. ചില ക്ഷേത്രങ്ങളിലൊക്കെ നേരത്തേ തന്നെ തേര് എന്നു കൂടി അറിയപ്പെടുന്ന രഥം ഉപയോഗിക്കുന്നുണ്ട്. ദേവീദേവന്‍മാരെ രഥത്തിലേറ്റി എഴുന്നള്ളിക്കുകയാണ് ചെയ്യുന്നത്.
ആയിരങ്ങള്‍ ഒത്തുകൂടുന്ന കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മുമ്പ് ആനപ്പുറത്താണ് ഭഗവതിയെ എഴുന്നള്ളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മനേഹരമായി തീര്‍ത്ത തേരിലാണ് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കുന്നത്. പവിത്രതയും ചൈതന്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാ അനുഷ്ഠാനങ്ങളോടു കൂടിയാണ് ചടങ്ങ്. ഭക്തിയുടെ നിറവില്‍ ചടുങ്ങുകള്‍ പര്യവസാനിക്കുന്നു.
ഇന്നലെ സമാപിച്ച അമ്പലക്കുളങ്ങര ശ്രീപാര്‍വതി പരമേശ്വര ക്ഷേത്രത്തിലെ പള്ളിവേട്ടക്കും തേരാണ് ഉപയോഗിച്ചത്. ആനക്കു പകരം പുതുതായി ഉണ്ടാക്കിയ തേരിലാണ് ദേവീദേവന്മാരെ എഴുന്നള്ളിച്ചത്. നൂറ് കണക്കിനാളുകളുടെ ഇടയിലൂടെ ഒരു ടെന്‍ഷനും ഇല്ലാതെ തേര് നീങ്ങി ചടങ്ങ് അവസാനിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വെടിക്കെട്ടുമുണ്ടായിരുന്നു.
കൊയിലാണ്ടിയിലും മറ്റും ആന ഇടഞ്ഞുണ്ടായ അപകടത്തിന്റെ വെളിച്ചത്തില്‍ ക്ഷേത്രങ്ങളില്‍ ഇത്തരം തേരുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ഭക്തരും നാട്ടുകാരും ചുണ്ടിക്കാണിക്കുന്നു. ഇത് വ്യാപക ചര്‍ച്ചക്കും വഴിയൊരുക്കിയിരിക്കുകയാണ്. പ്രതേക വ്രതം അനുഷ്ഠിക്കുന്നവരാണ് തേര് വലിക്കുന്നത്. ഒരു ക്ഷേത്രത്തിനു മാത്രം തേര് നിര്‍മിച്ച് ഉപയോഗിക്കുന്നതിനു പുറമെ പ്രദേശത്തെ ഒന്നിലേറെ ക്ഷേത്രങ്ങളുടെ ആവശ്യം കണക്കിലെടുത്ത് രഥം നിര്‍മിക്കാവുന്നതേയുള്ളൂ.
-ആനന്ദന്‍ എലിയാറ