വടകര: കെ.കെ.രമ എംഎല്‍എയെ അവഹേളിച്ച വിഷയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. ജൂബിലി കുളം നവീകരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ശിലാഫലകം കീഴ് വഴക്കം ലംഘിച്ചുളളതാണെന്ന് ആരോപിച്ച് യോഗത്തില്‍ പ്രതിപക്ഷം കടുത്ത രോഷം പ്രകടിപ്പിക്കുകയായിരുന്നു.
വടകരയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എ കെ.കെ.രമയെ നിരന്തരം അവഹേളിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ജൂബിലകുളം ഉദ്ഘാടന ശിലാഫലകമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. മന്ത്രി കഴിഞ്ഞാല്‍ എംഎല്‍എയുടെ പേര് വേണമെന്നിരിക്കെ ചെയര്‍പേഴസണന്റെ പേര് രേഖപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് വി.കെ.അസീസ് പറഞ്ഞു. ഇതിനു പിന്നാലെ ഭരണപക്ഷത്ത് നിന്ന് പ്രഭാകരന്‍, നളിനാക്ഷന്‍, സജീവ് കുമാര്‍ എന്നിവര്‍ എഴുന്നേറ്റ് ശിലാഫലകത്തില്‍ യാതൊരു അപാകതയുമില്ലെന്നും ആക്ഷേപത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആരോപിച്ചു. ഇതിനെ മറുപക്ഷം ചോദ്യം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.കെ.സതീശനും ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദുവും നിലപാട് വ്യക്തമാക്കി. തങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ശിലാഫലകം തയ്യാറാക്കിയതെന്നും അതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും ഇവര്‍ വ്യക്തമാക്കി.
സ്വാഗതത്തിനു ശേഷമാണ് അധ്യക്ഷന്റെ പേര് വേണ്ടതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞപ്പോള്‍ അങ്ങനെയങ്കില്‍ ഉദ്ഘാടകന്റെ പേര് അധ്യക്ഷനു ശേഷമല്ലേ വേണ്ടതെന്ന് പ്രതിപക്ഷം വിളിച്ച് ചോദിച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ചെയര്‍പേഴ്‌സന്റെ ഇരിപ്പിടത്തിനു മുന്നിലേക്കെത്തി. ഇത് കണ്ട ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഓടിയെത്തുകയായിരുന്നു. ഇരുപക്ഷവും തമ്മില്‍ അല്‍പ നേരം ഉന്തുംതള്ളുമുണ്ടായി. പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയും നഗരസഭാ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എംഎല്‍എയെ അപമാനിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഇവര്‍ വിളിച്ചുപറഞ്ഞു.
ചെയര്‍പേഴസനെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ഭരണ പക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി പിന്നാലെ എത്തി. പിന്നീട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.