
ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളേജ് ബോയ്സ് ഹോസ്റ്റലിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ച്സീനിയർ വിദ്യാർത്ഥികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരും ഇടുക്കിയിൽ നിന്നുള്ള ഒരാളുമാണ് ഇരകൾ. കേസിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി കച്ചേരിപ്പടി റിജിൽജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് കമ്മിഷനെ വച്ചതായി കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പണം നൽകാത്തതിന് മർദ്ദനമേറ്റ വിദ്യാർത്ഥി മാതാപിതാക്കളെ അറിയിച്ചതോടെയാണ് റാഗിംഗിനെ കുറിച്ച് പുറംലോകമറിഞ്ഞത്. സംഭവത്തിൽ മൂന്നുപേർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.