
വടകര: കേരളം മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമായി അടുത്ത വര്‍ഷം മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വടകര നഗരസഭ നവീകരിച്ച ജൂബിലി കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്‌കരണ രംഗത്ത് വലിയ മാറ്റമാണ് ഈ സര്‍ക്കാര്‍ സാധ്യമാക്കിയത്. കൊച്ചി ബ്രഹ്‌മപുരം പൂങ്കാവനമാക്കുമെന്നുള്ള പ്രഖ്യാപനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. വാതില്‍ പടി സേവനം 48 ശതമാനത്തില്‍ നിന്ന് 90 ശതമാനത്തിലെത്തിച്ചു. നിരവധി മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മൂന്ന് വന്‍കിട പ്ലാന്റുകള്‍ കൂടി കേരളത്തില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാറിനൊപ്പം തന്നെ വ്യക്തികള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കൊപ്പം ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റുകളും കേരളത്തില്‍ അനിവാര്യമാണ്. മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള പൊതുജന മനോഭാവം മാറണം. ശുചിത്വ സാക്ഷരത എല്ലാവരും കൈവരിക്കണം. പൊതു ഇടങ്ങള്‍ വൃത്തിയായി വീണ്ടെടുക്കുകയും സൂക്ഷിക്കുകയും വേണം. പൊതുജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ഇല്ലാതാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജൂബിലി കുളം പരിസരത്ത് നടന്ന ചടങ്ങില്‍ കെ കെ രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സതീശന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ രാജിത പതേരി, പി സജീവ് കുമാര്‍, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമ കുമാരി, സെക്രട്ടറി എന്‍ കെ ഹരീഷ്, മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ് ജിതിന്‍ നാഥ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങിനു മുന്നോടിയായി നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നിന്നും ജൂബിലി കുളം വരെ സാംസ്‌കാരിക ഘോഷയാത്ര നടന്നു. ചടങ്ങിന് ശേഷം മെലോമാനിയാക് ഫോക്ക് ബാന്‍ഡ് അവതരിപ്പിച്ച ലൈവ് സ്റ്റേജ് പ്രോഗ്രാമും അരങ്ങേറി.
ജൂബിലി കുളത്തിന് 125 വയസ്
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 1901-ലാണ് ബ്രിട്ടീഷുകാര്‍ ചരിത്രപ്രസിദ്ധമായ ജൂബിലി കുളം നിര്‍മിച്ചത്. പണ്ടുകാലത്ത് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുളം പിന്നീട് ആളുകള്‍ മാലിന്യം നിക്ഷേപിച്ചും ചെളിനിറഞ്ഞും കുളത്തിലെ വെള്ളം ഉപയോഗശൂന്യമായി മാറുകയായിരുന്നു. കുളത്തിലെ ചെളിനീക്കി നശിച്ചുപോയ കല്‍പ്പടവുകള്‍ മുഴുവന്‍ മാറ്റി അടിഭാഗത്ത് കരിങ്കല്‍ ബെല്‍റ്റ് ഇട്ട് ചെങ്കല്ല് ഉപയോഗിച്ച് പടവുകളും ചുറ്റുമതിലും നിര്‍മിക്കുകയാണ് നിലവില്‍ ചെയ്തിട്ടുള്ളത്. നഗരത്തിലെത്തുന്നവര്‍ക്ക് സമയം ചെലവിടാനും വിശ്രമിക്കാനും വ്യായാമത്തിനും കുളത്തിന്റെ പരിസരം ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് നിര്‍മാണം. തികച്ചും ഭിന്നശേഷി സൗഹൃദവുമാണ് 63 ലക്ഷംരൂപ ചെലവിട്ട് നഗരസഭ നവീകരിച്ച് ജൂബിലി കുളം.