കിണറുകളിലെ ജലത്തിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ച് ആരോഗ്യമുന്നറിയിപ്പും സമഗ്രറിപ്പോർട്ടും നല്കുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റിയുടെ ഉപസ്ഥാപനമായ മാറ്റർലാബ്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രു 14) കെ. കെ. രമ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തദ്ദേശഭരണമന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും.
ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷപരിപാടികളുടെ ഭാഗമാണു രാജ്യത്തെ ഏറ്റവും വലിയ ദ്രവ്യഗുണമേന്മാപരിശോധനാ സ്ഥാപനങ്ങളിലൊന്നായ മാറ്റർലാബിന്റെ ഈ ജനക്ഷേമപദ്ധതി. വടകര മുനിസിപ്പാലിറ്റിയെയും വടകര ബ്ലോക്ക് പഞ്ചായത്തിലെ അഴിയൂർ, ഏറാമല, ഒഞ്ചിയം, ചോറോട് ഗ്രാമപ്പഞ്ചായത്തുകളെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കാർഷിക-വ്യാവസായികപ്രവർത്തനങ്ങൾ വഴിയും മറ്റു തരത്തിലും ജലത്തിൽ കലരുന്ന അപകടകാരികളായ രാസവസ്തുക്കളെയും കോളറ, ടൈഫോയിഡ്, ഗ്യാസ്ട്രോഇന്റെസ്റ്റിനൽ രോഗങ്ങൾ, മറ്റ് അണുബാധകൾ എന്നിവയ്ക്കു കാരണമാകുന്ന സൂക്ഷ്മജീവികളെയും കണ്ടെത്താനുള്ള പരിശോധനകളാണു നടത്തുന്നത്. ആറുമാസമാണ് പദ്ധതിയുടെ കാലയളവ്.
കുടിവെള്ളത്തിന്റെ ഗുണമേന്മ ആരോഗ്യത്തിൽ അതു ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്ത് ഇവിടങ്ങളിലെ മലിനീകരണമുള്ള ജലസ്രോതസുകൾ ഏതെല്ലാമെന്നും കിണറുകൾ എത്രമാത്രം സുരക്ഷിതമാണെന്നും മനസിലാക്കാനാണു പഠനം. ഇതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യഭീഷണികൾ പരിഹരിക്കാനും വേണ്ട ഇടപെടലുകൾ നിർദ്ദേശിക്കും.
വിപുലമായ ആരോഗ്യബോധവത്ക്കരണവും ഇതിലൂടെ ഉദ്ദേശിക്കുന്നു. സംസ്ഥാനത്തെ ഇതര തദ്ദേശഭരണസ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
അതതു തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ തേടി നടത്തുന്ന പദ്ധതിയിൽ റാൻഡം മാതൃകയിലാകും കിണറുകൾ തെരഞ്ഞെടുക്കുക. തദ്ദേശഭരണസഥാപനപ്രതിനിധികൾ, പൊതുജനാരോഗ്യവിദഗ്ദ്ധർ, അതതുസ്ഥലത്തെ ആശാവർക്കർമാർ, മാറ്റർലാബിലെ കെമിസ്റ്റുകളുടെ സംഘം തുടങ്ങിയവർ യോജിച്ച് പദ്ധതി നടപ്പാക്കും.
പൊതുജനാരോഗ്യരംഗത്തു ഫലപ്രദമായ ഇടപെടൽ നടത്താൻ തദ്ദേശഭരണസ്ഥാപനങ്ങളെ സഹായിക്കുന്ന മാതൃക ഇതിലൂടെ വികസിപ്പിക്കാനാകും എന്നാണു പ്രതീക്ഷിക്കുന്നത്.
വൈകിട്ട് 6-നു വടകര ചത്വരത്തിൽ ചേരുന്ന സമ്മേളനത്തിൽ കിണർവെള്ളത്തിന്റെ ആദ്യ ഗുണപരീശോധനാഫലം വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ. പി. ബിന്ദുവിനു കൈമാറി മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും.
മാറ്റർലാബ് ജനറൽ മാനേജർ ഫ്രെഡ്ഡി സോമൻ പദ്ധതി വിശദീകരിക്കും.വടകര ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് കെ. പി. ഗിരിജ, ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂർ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ പി. പി. ചന്ദ്രശേഖരൻ മാസ്റ്റർ, പി. ശ്രീജിത്ത്, ടി. പി. മിനിക, ആയിഷ ഉമ്മർ, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, എംഡി എസ്. ഷാജു എന്നിവർ ആസംസ നേരും. തുടർന്ന് ‘പുന്നാട് പൊലിക’ നാടൻപാട്ടുമേളൗം ഉണ്ടാകും.