നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട്ടില്‍ നാളെയും (വ്യാഴം) ഹര്‍ത്താല്‍. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദിവസേന എന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു.
അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി നടന്ന കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശി ബാലകൃഷ്ണന്‍ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും തൃണമൂല്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ ഹര്‍ത്താല്‍ ഇപ്പോഴും വയനാട്ടില്‍ തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ല. ഹര്‍ത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.
കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരന്‍ അറിയിച്ചിരുന്നു.