പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം മെട്രോ
തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
ആദ്യ ആശ്വാസം ജീവനക്കാര്‍ക്ക്
സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കുടിശികയും ശമ്പള പരിഷ്‌കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വര്‍ഷം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കും. ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ വര്‍ഷം പിഎഫില്‍ ലയിപ്പിക്കും. ഡി എ കുടിശികയുടെ ലോക്ക് ഇന്‍ പിരീഡ് ഒഴിവാക്കും. രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡാണ് ഒഴിവാകുക. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യും.
സിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ നല്‍കുന്നതാണ് പദ്ധതി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് 21 കോടി രൂപ. സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാന്‍ 2 കോടി രൂപയും നീക്കിവച്ചു.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി
എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശിക തീര്‍ത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിക്ക് സഹായം, പൊന്മുടിയില്‍ റോപ് വേ
കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ പ്രാഥമികമായി നീക്കിവച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു.
ഐടി നയം അന്തിമ ഘട്ടത്തില്‍
സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന് 90 കോടി നീക്കിവച്ചു.
എംടിക്ക് തുഞ്ചന്‍ പറമ്പില്‍ സ്മാരകം
വന്യജീവി ആക്രമണം തടയാന്‍ 50 കോടി യുടെ പദ്ധതി ആരംഭിക്കും. തുഞ്ചന്‍ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി നീക്കിവച്ചു. സീ പ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വൈക്കം സ്മാരകത്തിന് 5 കോടി രൂപയും നെല്ല് വികസന പദ്ധതിയ്ക്ക് 15 കോടി രൂപയും നീക്കിവെക്കും.
കിഫ്ബി വഴി വരുമാനം, തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്
സംസ്ഥാനത്ത് 1147 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. കിഫ്ബി വഴി വരുമാനം കണ്ടെത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി പഠനം നടത്തും. തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചു. വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകള്‍ പരമാവധി ഉപയോഗിക്കും.
വരുന്നൂ കെ-ഹോം
സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു.