തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി മന്ത്രി ജി ആര്‍ അനില്‍
അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കുമെന്നും 7 മുതല്‍ ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ (ഫെബ്രുവരി 3) വൈകിട്ട് 5.15 വരെ 77.96 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എഎവൈ കാര്‍ഡുകാരില്‍ 95.61 ശതമാനവും പിഎച്ച്എച്ച് വിഭാഗത്തില്‍ 91.37 ശതമാനവും റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.
ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍
കാലതാമസമുണ്ടായിരുന്നു. സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5 വരെ ദീര്‍ഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.

ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍
