വടകര: വടകര-മാഹി കനാലിന്റെ ഭാഗമായ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി 2025 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
നാടിന്റെ അഭിമാന പദ്ധതിയായ വടകര-മാഹി കനാലിന്റെ പ്രവൃത്തിപുരോഗതി സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. 16.95 കോടി രൂപയാണ് മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് നിര്‍മാണത്തിന് ചെലവ്. പ്രവൃത്തി മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതായും ഇതോടൊപ്പം 7.5 കോടി രൂപയുടെ അപ്രോച്ച് റോഡ് പ്രവൃത്തിയും പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തന്റെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയതായി എംഎല്‍എ അറിയിച്ചു. ഉപ്പ് വെള്ളം കയറുന്നത് തടയാനുള്ള സംവിധാനവും പാലവും അടങ്ങിയതാണ് ലോക്ക് കം ബ്രിഡ്ജ്.
വടകര-മാഹി കനാലിന്റെ മൂന്നാം റീച്ചിന്റെ പ്രവൃത്തി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതായും 17.6 കോടി രൂപയുടെ കോട്ടപ്പള്ളി പാലം നിര്‍മാണ പ്രവൃത്തിയുടെ സാങ്കേതിക അനുമതിക്കായുള്ള നടപടികള്‍ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.