രചനയില്‍ ഒന്നാമതെത്തി എ.ആര്‍.അനിവേദ. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ കവിതാ രചനയില്‍ നിരവധി തവണ സമ്മാനങ്ങള്‍ നേടിയ അനിവേദ ബി സോണ്‍ കലോത്സവത്തില്‍ മത്സരിച്ച 50 ല്‍ പരം പേരെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്.
നാദാപുരം പുളിയാവ് നാഷണല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടന്ന കലോത്സവത്തില്‍ ‘സന്ധ്യ മറയുമ്പോള്‍’ എന്ന വിഷയത്തിലായിരുന്നു മലയാളം കവിതാ രചന മത്സരം. വടകര ശ്രീനാരായണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി ബോട്ടണി വിദ്യാര്‍ഥിനിയാണ് അനിവേദ. കഴിഞ്ഞ വര്‍ഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം മലയാളം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
കേരള ശിശുക്ഷേമ സമിതി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച കവിതാ രചനയില്‍ തുടര്‍ച്ചയായി മൂന്നു തവണ ഒന്നാം സ്ഥാനം നേടി. അക്ഷരവേദി കവിതാ പുരസ്‌കാരം, ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്‌കാരം, കലാമുദ്ര സാഹിത്യ പ്രതിഭാ പുരസ്‌കാരം, സ്പന്ദനം കവിതാ പുരസ്‌കാരം, അക്ഷരമുറ്റം കവിതാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കുഞ്ഞിക്കിളി, മഴത്തുളികള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ ഒഞ്ചിയത്തിന്റെയും അധ്യാപിക ടി.എം.രജിനയുടേയും മകളാണ്.